
മാർ തോമാശ്ലീഹാ ജലം അന്തരീക്ഷത്തിൽ നിർത്തുകയും ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തുകയും ചെയ്ത സംഭവത്തെ സൂചിപ്പിക്കുന്ന പെയിന്റിംഗ്
മാർത്തോമാശ്ലീഹാ കേരളത്തിൽ പ്രധാനമായും ഏഴ് പള്ളികൾ (സഭാ സമൂഹങ്ങൾ) സ്ഥാപിച്ചു. കൊടുങ്ങല്ലൂർ, കൊല്ലം, നിരണം, നിലയ്ക്കൽ (ചായൽ), കൊക്കമംഗലം, കോട്ടക്കാവ്, പാലയൂർ എന്നിവയാണ് അവ. ('ഏഴരപ്പള്ളികൾ' എന്നും പറഞ്ഞുവരുന്നു. 'അരപ്പള്ളി' ഏതാണെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട തിരുവാംകോട്, ഈരാറ്റുപേട്ടയ്ക്കടുത്തുള്ള അരുവിത്തുറ, കാലടിക്കടുത്തുള്ള മലയാറ്റൂർ എന്നിവ ആ സ്ഥാനം അവകാശപ്പെടുന്നു.) ഈ സ്ഥലങ്ങളെല്ലാം പില്ക്കാലത്ത് തീർഥാടന കേന്ദ്രങ്ങളായി മാറി.
നസ്രായന്റെ അനുയായികൾ എന്ന അർത്ഥത്തിൽ നസ്രാണികൾ എന്ന് അറിയപ്പെട്ടതു പോലെ ക്രിസ്തുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ ക്രിസ്ത്യാനികൾ എന്നും നസ്രാണികൾക്ക് പേരു ലഭിച്ചു. മാർത്തോമ്മാ നസ്രാണികൾ അങ്ങനെ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നും അറിയപ്പെടുന്നു.