FANDOM


പദോല്പ്പത്തിതിരുത്തുക

കിസ്മസ് എന്നത് ഈശോ മിശിഹായുടെ ജനനത്തിരുനാളിനെ ക്കുറിക്കുന്ന ആംഗലേയ പദമാണ്‌. 1038 ല്‍ പ്രചാരത്തിലിരുന്ന ക്രിസ്തുവിന്റെ കുര്‍ബാന എന്ന അര്‍ത്ഥം വരുന്ന 'ക്രിസ്റ്റെസ് മാസെ' എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ്‌ ക്രിസ്മസ് എന്ന പദം ഉണ്ടായത്.[1]

ആദ്യകാല ആഘോഷങ്ങള്‍തിരുത്തുക

സഭയുടെ ആദ്യകാല അഘോഷങ്ങളില്‍ ക്രിസ്മസ് ഉണ്ടായിരുന്നില്ല. ഇരണേവൂസും തെര്‍ത്തുല്യനും തിരുനാളുകളുടെ പട്ടികയില്‍നിന്ന്‍ ക്രിസ്മസ് ഒഴിവാക്കിയിരുന്നു. വിശുദ്ധരല്ല, പാപികള്‍ മാത്രമാണ്‌ തങ്ങളുടെ ജന്മദിനമാചരിക്കുന്നതായി തിരുലിഖിതങ്ങളില്‍ കാണുന്നതെന്ന്[2] ഒരിജന്‍ പ്രസ്ഥാവിക്കുന്നു.

ആഘോഷദിനംതിരുത്തുക

കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്റ്‌ സഭകള്‍, ഗ്രീക്ക്‌ ഓര്‍ത്തഡോക്സ്‌ സഭ, റുമേനിയന്‍ ഓര്‍ത്തഡോക്സ്‌ സഭ എന്നിവര്‍ ഡിസംബര്‍ 25നാണ്‌ ക്രിസ്തുമസ്‌ ആഘോഷിക്കുന്നത്‌. എന്നാല്‍ പൗരസ്ത്യ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ്‌ സഭക്കളില്‍ മിക്കവയും ജനുവരി 6 യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്‌, ജറുസലേം, റഷ്യന്‍, സെര്‍ബിയന്‍, മാസിഡോണിയന്‍, ജോര്‍ജിയന്‍, യുക്രേനിയന്‍ ഓര്‍ത്തഡോക്സ്‌ സഭകള്‍ ഈ ഗണത്തില്‍പ്പെട്ടവരാണ്‌. കലണ്ടര്‍ രീതികളില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ മൂലമാണ്‌ ഇത്തര‍ത്തില്‍ രണ്ടു തീയതികള്‍ ക്രിസ്തുമസ്സായി വന്നത്‌. ലോകത്തിലെ മിക്കയിടങ്ങളിലും ഡിസംബര്‍ 25 ആണ്‌ ക്രിസ്മസ്സായി ആഘോഷിക്കുന്നത്‌.

ക്രിസ്മസ്സിനു പിന്നില്‍തിരുത്തുക

ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ സുവിശേഷങ്ങള്‍ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകള്‍ക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തില്‍ മിശിഹായുടെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌: കന്യകയായ മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായതായി ഗബ്രിയേല്‍ മാലാഖ അറിയിക്കുന്നു. മറിയത്തിന്റെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവര്‍ത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെന്‍സസില്‍ പേരുചേര്‍ക്കാന്‍ നസ്രത്തില്‍ നിന്നും യൗസേഫ് പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയത്തെയും കൂട്ടി തന്റെ പൂര്‍വ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മറിയത്തിനായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവില്‍ ഒരു പുല്‍ത്തൊട്ടിയില്‍ മിശിഹാ എന്നു വിളിക്കപ്പെട്ട ഈശോ പിറന്നു. ദാവീദ്‌ രാജാവിന്റെ പിന്‍തലമുറയില്‍പ്പെട്ടവനാണ്‌ യൗസേഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമില്‍ ഈശോ പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകന്‍ ശ്രമിക്കുന്നത്‌.

മിശിഹായുടെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. ലൂക്കായുടേതില്‍ നിന്നും വ്യത്യസ്തമായി മിശിഹായുടെ ജനനം മുന്‍കൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. ഈശോയുടെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങള്‍കൊണ്ടുദ്ദേശിക്കുന്നത്‌. മിശിഹായുടെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവര്‍ ചില കഥകളില്‍ രാജാക്കന്മാരാണ്‌ (പൂജരാജാക്കന്മാര്‍). പൊന്ന്, മീറ, കുന്തിരിക്കം എന്നിവ ഈശോയ്ക്കായി ഇവര്‍ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികള്‍ വന്നത്‌ അറേബ്യയില്‍ നിന്നോ, പേര്‍ഷ്യയില്‍ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌.

ഏതായാലും ഈ രണ്ടു സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളാണ്‌ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട്‌ പരമ്പരാഗതമായി നിലനില്‍ക്കുന്നത്‌. ക്രിസ്തുമസ്‌ നാളുകളില്‍ പുല്‍ക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങള്‍ കൈമാറുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങള്‍ ഈ കഥകളില്‍നിന്നും രൂപമെടുത്തവയാണ്‌. പുല്‍ക്കൂട്‌ ഈശോയുടെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോള്‍ നക്ഷത്രവിളക്ക്‌ ജ്ഞാനികള്‍ക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്‌.

ആചാരങ്ങള്‍, ആഘോഷ രീതികള്‍തിരുത്തുക

ക്രിസ്മസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. ക്രിസ്മസ് തികച്ചും മതപരമായ ആചാരമാണെങ്കിലും അതിനോടു ബന്ധപ്പെട്ട മതേതരമായ അഘോഷങ്ങള്‍ മിക്ക രാജ്യങ്ങളിലും പ്രചരിച്ചിട്ടുണ്ട്. ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജര്‍മ്മനിയില്‍ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങള്‍ കൈമാറല്‍ എന്നിവ അവയില്‍ ചിലതുമാത്രം. ജര്‍മ്മനിയില്‍ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുന്‍പ്‌ നിലവിലുണ്ടായിരുന്ന യൂല്‍ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങള്‍ പിന്നീട്‌ ക്രിസ്മസ്സിലേക്ക് അനുരൂപണം ചെയ്യപ്പെട്ടു എന്നു കരുതാം.

മതപരമായ ആചാരങ്ങള്‍തിരുത്തുക

ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബര്‍ ആദ്യവാരത്തോടെ ക്രിസ്മസ്സിനുള്ള ഒരുക്കം തുടങ്ങും. സുറിയാനി ക്രൈസ്തവര്‍ ഇതിനെ മംഗലവാര്‍ത്തക്കാലമെന്നും പാശ്ചാത്യ കത്തോലിക്കര്‍ 'ആഗമന കാലം' എന്നും ആരാധനക്രമ ഭാഷയില്‍ വിളിക്കുന്നു. ഈശോയുടെ ജനനത്തെപ്പറ്റിയുള്ള മംഗലവാര്‍ത്തയും പ്രവചനങ്ങളുമൊക്കെയാണ്‌ ഈ കാലഘട്ടത്തില്‍ അനുസ്മരിക്കുന്നത്‌. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ 25 ദിവസം നോമ്പെടുത്താണ്‌ ക്രിസ്മസ്സിനായി ഒരുങ്ങുന്നത്‌. മാംസം‍, മത്സ്യം, മുട്ട എന്നിവയില്‍ ചിലതോ എല്ലാമോ വര്‍ജ്ജിക്കുകയാണ് പതിവ്‌. ക്രിസ്മസ്‌ തലേന്ന് (ഡിസംബര്‍ 24) അര്‍ദ്ധരാത്രിയിലാണ്‌ ക്രിസ്തീയ ദേവാലയങ്ങളില്‍ ഈശൊയുടെ പിറവി അനുസ്മരണ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്‌.

മതേതര ആചാരങ്ങള്‍തിരുത്തുക

ലോകം ഉപഭോക്തൃസംസ്കാരത്തിന്‌ വല്ലാതെ അടിപ്പെടുംബോള്‍ ക്രിസ്മസ് പോലുള്ള അത്മീയ ആചാരങ്ങള്‍ക്ക് മതേതരമായ മാനം കൈവരുന്നത് സ്വാഭാവികമാണ്‌. പല രാജ്യങ്ങളും ഷോപ്പിംഗ് കാലമായി ക്രിസ്മസിനെ കരുതാറുണ്ട്. ക്രിസ്തുമത വിശ്വാസികള്‍ തുലോം കുറവായ ദേശങ്ങളില്‍പ്പോലും ക്രിസ്തുമസ്‌ ആഘോഷങ്ങള്‍ നടക്കാറുണ്ട്‌.

സാന്റാക്ലോസ്‌ അപ്പൂപ്പന്‍തിരുത്തുക

ക്രിസ്തുമസ്‌ നാളുകളില്‍ സാര്‍വ്വദേശീയമായി നിറഞ്ഞു നില്‍ക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്മസ്‌ ഒരുക്കങ്ങളുടെ നാളുകള്‍ക്കിടയില്‍ ഡിസംബര്‍ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഡച്ചുകാരാണ്‌ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങിയത്. ഡച്ചുകോളനികളിലൂടെ ഈ രീതി സാര്‍വദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പന്‍, ക്രിസ്തുമസ്‌ പപ്പാ, അങ്കിള്‍ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു.

ആംഗ്ലോ-അമേരിക്കന്‍ പാരമ്പര്യമുള്ള നാടുകളില്‍ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്മസ്‌ തലേന്ന് പാതിരാത്രിയില്‍ ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോ വീടുകളുടെയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്മസ്‌ നാളുകളില്‍ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികള്‍ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പന്‍ ക്രിസ്മസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കള്‍ കുട്ടികള്‍ക്ക്‌ ക്രിസ്മസ്‌ സമ്മാനങ്ങള്‍ നല്‍കുന്നത്‌.

ക്രിസ്തുമസ്‌ മരംതിരുത്തുക

ക്രിസ്മസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്മസ്‌ മരം. ക്രിസ്മസിന്റെ ഈ സാര്‍വദേശീയ പ്രതീകം ജര്‍മ്മന്‍ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്‌. സ്വര്‍ഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജര്‍മ്മന്‍കാര്‍ ക്രിസ്മസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്മസ്‌ നാളുകളില്‍ പിരമിഡ്‌ ആകൃതിയുള്ള മരങ്ങള്‍ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടര്‍ന്നു. മരങ്ങളോ അല്ലെങ്കില്‍ സ്തൂപികാഗ്രികളോ ആണ്‌ ക്രിസ്മസ്‌ മരമൊരുക്കാന്‍ സാധാരണ ഉപയോഗിക്കുന്നത്‌. അലങ്കാരങ്ങള്‍ക്കൊപ്പം ക്രിസ്മസ്‌ മരത്തില്‍ സമ്മാനപ്പൊതികള്‍ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്‌.

ക്രിസ്മസ്‌ നക്ഷത്രംതിരുത്തുക

ക്രിസ്മസ്‌ നാളുകളില്‍ വീടുകളില്‍ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളില്‍ നിലവിലുണ്ട്‌. കേരളത്തിലും ക്രിസ്മസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്‌. ഈശോയുടെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികള്‍ക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്‌.

പുല്‍ക്കൂട്‌തിരുത്തുക

ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയീശോ പിറന്നുവെന്ന വിശ്വാസത്തെ പിന്‍പറ്റിയാണ്‌ ക്രിസ്മസ്സിന്‌ പുല്‍ക്കൂടൊരുക്കുവാന്‍ തുടങ്ങിയത്‌. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുമുതല്‍ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാല്‍ 1223ല്‍ വിശുദ്ധ ഫ്രാന്‍സിസ്‌ അസീസി ഒരുക്കിയ പുല്‍ക്കൂടാണ്‌ ഈ ആചാരത്തെ സാര്‍വത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാന്‍സിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാര്‍ഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. ഏതായാലും പുല്‍ക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുല്‍ക്കൂട്‌ ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളില്‍ ക്രിസ്മസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങള്‍ അണിനിരത്തി പുല്‍ക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയീശോ, അമ്മ മറിയം, യൗസേഫ്‌, ജ്ഞാനികള്‍, ആട്ടിടയന്മാര്‍ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

ക്രിസ്മസ്‌ കാര്‍ഡുകള്‍തിരുത്തുക

ക്രിസ്മസ്‌ ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്മസ്‌ കാര്‍ഡുകളാണ്‌ ഈ ആഘോഷത്തിന്റെ പ്രത്യേകത. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി; ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക്‌ സമാധാനം; എന്ന വാക്കാണ്‌ ക്രിസ്തുമസ്‌ കാര്‍ഡുകളിലേക്ക്‌ പടരുന്നത്‌. ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം ഈശോയുടെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ കാര്‍ഡുകളില്‍ പതിപ്പിച്ചിരുന്നത്‌. എന്നാല്‍ ക്രിസ്മസ്‌ ആഘോഷത്തെ കൂടുതല്‍ ജനകീയാമാക്കാന്‍ ഇന്ന് മതപരമായ ചിത്രങ്ങള്‍ ഒഴിവാക്കിയാണ്‌ ക്രിസ്മസ്‌ കാര്‍ഡുകള്‍ അണിയിക്കുന്നത്‌.

തപാല്‍ സ്റ്റാമ്പുകള്‍തിരുത്തുക

ക്രിസ്മസ്‌ കാര്‍ഡുകള്‍ ജനകീയമായതോടെ ആശംസാകാര്‍ഡുകളയക്കാന്‍ വേണ്ട തപാല്‍ സ്റ്റാമ്പുകളിലേക്കും ക്രിസ്മസ്‌ ചിഹ്നങ്ങള്‍ വ്യാപിച്ചു. ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ക്രിസ്മസ്‌ ചിത്രങ്ങള്‍ പതിപ്പിച്ച സ്റ്റാമ്പുകള്‍ ലഭ്യമാണ്‌.


അവലമ്പം

  1. catholic encyclopedia
  2. in Lev. Hom. viii in Migne, P.G., XII, 495

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.