Sabhakosam Wiki
Advertisement

അകല്ക്കിദോന്യ സഭകളായ ഓറീയന്റൽ ഓർത്തഡോക്സ് സഭകളെയും കല്ക്കിദോന്യ സഭകളായ ബൈസാന്ത്യ ഓർത്തഡോക്സ് സഭകളെയും പൊതുവായി വിളിയ്ക്കുന്ന പേരു്.ഇരുകൂട്ടരും തമ്മിൽ സംസർഗ്ഗമില്ല.

ഓറിയന്റൽ എന്ന വിഭാഗത്തിൽ പെടുന്നവയാണു കേരളത്തിലെ പ്രബല ക്രിസ്തീയ സഭകളായ ഇന്ത്യൻ(മലങ്കര) ഓർത്തഡോക്സ്‌ സഭയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭഉൾപ്പെടുന്ന അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയും.

പേരിനു് പിന്നിൽ[]

സത്യ വിശ്വാസ സഭ എന്നർത്ഥമുള്ള ഓർത്തഡോക്സ് സഭയെന്ന പേരും സാർവത്രിക സഭ എന്നർത്ഥമുള്ള കത്തോലിക്കാ സഭ(കാതോലിക സഭ)യെന്ന പേരും ക്രിസ്തീയ സഭയുടെ ആദ്യകാലനാമങ്ങളായിരുന്നു. പാശ്ചാത്യ സഭയിൽ, കത്തോലിക്കാ സഭ(കാതോലിക സഭ)യെന്ന പേരിനും വേദവിപരീതികളുമായി മൽസരിച്ചു കൊണ്ടിരുന്നതിനാൽ പൌരസ്ത്യ സഭകളിൽ ഓർത്തഡോക്സ് സഭയെന്ന പേരിനും പ്രാമാണ്യം കിട്ടി.

ചരിത്രം[]

ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള ശീശ്മ(പിളർപ്പു്). റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയർക്കാസനങ്ങളിൽ അലക്സാന്ത്രിയൻ പാപ്പാസനവും അന്ത്യോക്യൻ പാത്രിയർക്കാസനവുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.റോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.

റോമാ സാമ്രാജ്യത്തിനു് പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ ആർമീനിയ സഭയും പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം 489-543 കാലത്തു് നെസ്തോറിയവുമായി.

ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ[]

യേശുക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസിനെ എതിർത്തു് പഴയ വിശ്വാസത്തിൽ തുടർന്ന വിഭാഗമാണു് പ്രാചീന ഒർത്തഡോക്സ് സഭ അഥവാ ഒറിയന്റൽ ഒർത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.

അംഗസഭകളുടെ പരമാചാര്യൻമാരായ പാത്രിയർക്കീസുമാരാണു് പരമ പാത്രിയർക്കീസുമാർ. ഓറീയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ലെങ്കിലും പരമ പാത്രിയർക്കീസുമാരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ മാർപാപ്പയ്ക്കാണു്.

7 അംഗസഭകൾ അടങ്ങിയതാണു് ഓറീയന്റൽ ഓർത്തഡോക്സ് സഭ.1965-ൽ ആഡീസ് അബാബയിൽ നടന്ന ഓറീയന്റൽ ഓർത്തഡോക്സ് പാത്രിയർക്കാ സുന്നഹദോസ് സുപ്രധാന സംഭവമായിരുന്നു.ആഭ്യന്തര കലഹമുണ്ടെങ്കിലും 2005 മുതൽ 7 അംഗസഭകളുടെയും 2 പ്രതിനിധികൾ വീതം അടങ്ങിയ 14 അംഗ കണ്സൾട്ടേറ്റീവ് കമ്മിറ്റി പ്രവൃത്തിയ്ക്കുന്നുണ്ടു്.

ഓറിയന്റൽ ഓർത്തഡോക്സ്‌ സഭാകുടുംബം:[]

  1. കോപ്റ്റിക്‌ ഓർത്തഡോക്സ്‌ സഭ
  2. അന്ത്യോക്യൻ സിറിയക് ഓർത്തഡോക്സ്‌ സഭ
  3. ആർമീനിയൻ ആപ്പൊസ്തോലിക സഭ
  4. എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ
  5. കിലിക്യൻ അർമീനിയൻ ഓർത്തഡോക്സ് സഭ
  6. മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ്‌ സുറിയാനി സഭ
  7. എറിത്രിയൻ ഓർത്തഡോക്സ്‌ സഭ

ബൈസാന്ത്യ ഓർത്തഡോക്സ് സഭ[]

റോമൻ കത്തോലിക്ക സഭ കഴിഞ്ഞാൽ എറ്റവും കൂടുതൽ വിശ്വാസികളുള്ള ക്രിസ്തീയ സഭകളുടെ കൂട്ടായ്മ.ബൈസാന്ത്യ ഓർത്തഡോക്സ് സഭയ്ക്കു് പൗരസ്ത്യ റോമാ സഭ എന്ന അർത്ഥത്തിൽ കിഴക്കൻ(ഇസ്റ്റേൺ) സഭ എന്ന പേരുണ്ടു്.

ചരിത്രം[]

ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസു് സ്ഥാപിച്ചതായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങളിലൊന്നായ കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനമാണു്ബൈസാന്ത്യ ഓർത്തഡോക്സ് സഭാകുടുംബമായി വികസിച്ചതു്.

കല്ക്കിദോന്യസഭകളെന്ന നിലയിൽ ഒന്നിച്ചു് നിന്നറോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവുംആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക(രാജകീയ) സഭകളായി മാറിയിരുന്നു.

അവലംബം[]

Advertisement