Sabhakosam Wiki
Advertisement

പെസഹാ വ്യാഴാഴ്ച് ദിവസം ക്രൈസ്തവര്‍ ഭവനങ്ങളില്‍ പ്രാര്‍ത്ഥനാ മധ്യേ വിഭജിച്ചു ഭക്ഷിക്കുന്ന അപ്പം

പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്‌. ഈശോ യഹൂദ ആചാരമനുസരിച്ച് തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്റെ ഓര്‍മ്മയാണ്‌ അന്ന് ക്രൈസ്തവര്‍ ആചരിക്കുന്നത്. ഏളിമയുടെയും സ്നേഹത്തിന്റെയും നിദര്‍ശനമായി അവിടുന്നു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷമാണ്‌ പെസഹാ ഭക്ഷിച്ചത്. ഈശോയുടെ കുരിശു മരണത്തിനു മുമ്പുള്ള അത്താഴമായതിനാല്‍ ഇതിനെ അന്ത്യ അത്താഴമെന്നും വിളിക്കുന്നു.

യഹൂദ ആചാരമായ പെസഹാ ഭക്ഷണത്തിന്‌ ഈശോ പുതിയ മാനം കൊടുത്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം താന്‍ കുരിശില്‍ ബലിയാകുമെന്നറിയാമായിരുന്ന ഈശോ പെസഹാ അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍ എന്ന ഈശോയുടെ കല്പനപ്രകാരം ക്രൈസ്തവര്‍ ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട് ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയായി ഇതു മാറുകയും ചെയ്തു.

എന്നാല്‍ പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങ്നളില്‍ ഇന്നും ഈ അപ്പം മുറിക്കല്‍ നടത്തുന്നുണ്ട്. അതിനായി പ്രാര്‍ത്ഥനാപൂര്വ്വം അവര്‍ പാകം ചെയ്യുന്ന അപ്പത്തെ ഇണ്ടറി അപ്പം എന്നു വിളിക്കുന്നു. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ്‌ വിളിക്കുന്നത്. സാധാരണയഅയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്‍ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്‌.

കുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ ആ വര്‍ഷം ദുഖസൂചകമായി ആ കുടുംബം പെസഹാ ആചരിക്കാറില്ല.

പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി

ചേരുവകള്‍

വറുത്ത അരിപ്പൊടി - 2 1/2 കപ്പ്

ഉഴുന്ന് 1/4 കപ്പ്

തേങ്ങ ചുരണ്ടിയത് - 1 കപ്പ്

ജീരകം - 1/2 ടേബില്‍ സ്പൂണ്‍

വെളുത്തുള്ളി - 3 അല്ലി

ചെറിയുള്ളി - 10 എണ്ണം

ഉപ്പ് ആവശ്യത്തിന്‌


പാകപ്പെടുത്തുന്ന വിധം

രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. സ്റ്റീല്‍ പാത്രത്തില്‍ അല്പം എണ്ണ പുരട്ടി അതിലേക്ക് മാവ് പകര്‍ന്ന് വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ പുഴുങ്ങിയെടുക്കുക. സാധാരണ കുടുംബ നാഥന്‍ വിഭജിക്കുന്ന അപ്പത്തില്‍ തെങ്ങോല കൊണ്ട് കുരിശ് ഉണ്ടാക്കി പുഴുങ്ങുന്നതിനു മുമ്പേ പാത്രത്തിലേക്ക് പകര്‍ന്ന മാവിന്റെ മുകളില്‍ വക്കാറുണ്ട്. ഓശാന ഞായറാഴ്ച്ച പള്ളിയില്‍ നിന്ന് വെഞ്ചെരിച്ചു കിട്ടുന്ന കുരുത്തോലയാണ്‌ ഇതിനുപയോഗിക്കുന്നത്. അങ്ങനെ കുരിശിന്‍റെ ആകൃതി അപ്പത്തില്‍ പതിയുന്നു. അതുകൊണ്ട് തന്നെ ഇതിനെ കുരിശപ്പം എന്നും വിളിക്കാറുണ്ട്.

അപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ വാഴയില വിരിച്ചാല്‍ പ്രത്യെക സ്വാദും സുഗന്ധവും ഉണ്ടാകും.

കാണുക

പെസഹാ പാല്‍

പെസഹാ അപ്പം വിഭജിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷ

Advertisement